ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പാണ്ഡവരുടെ പാദസ്പര്‍ശമേറ്റു എന്നു പറയപ്പെടുന്ന പാണ്ഡവര്മലയില് ഒരു വലിയ പാറയുടെ ചുവട്ടില്‍ ഒരു കോവിലും അതിനോടു ചേര്‍ന്ന് നീരൊഴുക്കും കാണുന്നു. വിശുദ്ധ തോമാസ് ശ്ലീഹാ തമിഴ്നാട്ടില്‍ നിന്നും കോതമംഗലത്തേക്ക് വരുന്ന വഴി രാത്രി തങ്ങിയ സ്ഥലമാണത്രെ പള്ളിവാസല്‍. പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവ തിരുമനസ് കുര്‍ബാന അര്‍പ്പിച്ച സ്ഥലം എന്ന നിലയിലും പള്ളിവാസല്‍ പ്രസിദ്ധമായി. 1877 ജൂലായ് മാസം 11-ാം തിയതി ബ്രിട്ടീഷുകാരായ ജെ.സി.മണ്‍റോ, എ.ഡബ്ള്യു.ടര്‍ണര്‍ എന്നിവര്‍ പൂഞ്ഞാര്‍ രാജാവിന്റെ പക്കല്‍ നിന്നും ആയിരം രൂപ പ്രതിഫലവും പ്രതിവര്‍ഷം മൂവായിരം രൂപ പാട്ടവും നല്‍കാമെന്ന വ്യവസ്ഥയില്‍ 344 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങി. സായ്പ്പുമാരെ വഴികാട്ടിയ കണ്ണന്റെയും തേവന്റെയും ഓര്മ അവരുടെ മനസ്സില്‍ പച്ചപിടിച്ചു നിന്നിരുന്നു. 1897-ല്‍ സ്കോട്ട്ലാന്റില്‍ വച്ച് കമ്പനി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതിനു നല്കപ്പെട്ട പേര് കണ്ണന്‍ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി എന്നായിരുന്നു. പള്ളിവാസലിലെ പ്രകൃതിസിദ്ധമായ ജലപാതം കമ്പനിയെ ആകര്‍ഷിച്ചു. 1906-ല്‍ കമ്പനി സ്വന്തമാവശ്യത്തിനുവേണ്ടി 200 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു. ചരക്കുകള്‍ കൊണ്ടുപോകുന്നതിനുള്ള റോപ്പ് വേയും സ്ഥാപിച്ചു. പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയെ ഹെഡ് വര്‍ക്സില്‍ തടഞ്ഞുനിര്‍ത്തി 3121.67 മീറ്റര്‍ നീളമുള്ള ടണല്‍ വഴി തിരിച്ചുവിട്ടു. 2214.3 മീറ്റര്‍ വീതം നീളമുള്ള 4 പെന്‍സ്റ്റോക്കുകള്‍ വഴി അതിനെ താഴേക്കൊഴുക്കി, പവര്‍ഹൌസില്‍ എത്തിച്ചു. അതുപയോഗിച്ചു പവര്‍ഹൌസ് പ്രവര്‍ത്തിപ്പിച്ചു. 1938-ല്‍ ആരംഭിച്ച പവര്‍ഹൌസിന്റെ പണി 1940-ല്‍ പൂര്‍ത്തിയാക്കി. ഇതാണ് ചരിത്രപ്രസിദ്ധമായ പള്ളിവാസല്‍ പവര്‍ഹൌസ്. കൂടാതെ മുതിരപ്പുഴയില്‍ ഒഴുക്ക് കുറയുന്നതിനനുസരിച്ച് കുണ്ടള (സേതുപാര്വ്വതി ചുരം), മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും അണക്കെട്ടുകള്‍ ഉണ്ടാക്കി. തിരുവിതാംകൂര്‍ മഹാരാജാവു പണി കഴിപ്പിച്ച ഈ ജലവൈദ്യുത പദ്ധതിയാണ് കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി. പള്ളിവാസല്‍ പദ്ധതിയെ തുടര്‍ന്ന് കണ്ണന്‍ദേവന്‍ കമ്പനിക്കു വൈദ്യുതി നല്‍കാനുള്ള ഉത്തരവാദിത്വം മഹാരാജാവ് ഏറ്റെടുത്തു. ആ ഉത്തരവാദിത്വം കെ.എസ്.ഇ.ബി നിര്‍വഹിച്ചു പോരുന്നു. സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ മാത്രമല്ല ജീവിതത്തിന്റെ എല്ലാ മേഖലകളിലും സഹകരിക്കുന്നവരാണ് ഈ പഞ്ചായത്തിലെ ജനങ്ങള്‍. സ്കൂള്‍ കെട്ടിടങ്ങള്‍ പണിയുന്നതില്‍, റോഡുകള്‍ നിര്‍മ്മിക്കുന്നതില്‍, ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ തുടങ്ങി നാടിന്റെ വികസനത്തിന്റെ സമസ്ത മേഖലകളിലും ജനങ്ങളുടെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. 1986-ന് മുമ്പ് 100 ഹെക്ടറോളം സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു. ഈ കൃഷി ആദായകരമല്ലാത്തതിനെതുടര്ന്ന് ഇവിടെ കുരുമുളക്, വാഴ തുടങ്ങിയ കൃഷികള്‍ ചെയ്തുവരുന്നു. ഒരു കുടിയേറ്റ മേഖല എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് അതിന്റേതായ പ്രത്യേകതകള്‍ ഉള്ള ഒരു ഹൈറേഞ്ച് മേഖലയാണ് പള്ളിവാസല്‍ പഞ്ചായത്ത്. തോട്ടം മേഖലയില്‍ തമിഴ് ഭാഷ സംസാരിക്കുന്നവരും കാര്‍ഷിക മേഖലയില്‍ മലയാള ഭാഷ സംസാരിക്കുന്നവരും കൂടുതലായി അധിവസിക്കുന്നു. എന്നാല്‍ തോട്ടം മേഖലയില്‍, ഭാഷയില്‍ കാണുന്ന തമിഴ്-മലയാളം സങ്കരസ്വഭാവം ഇവിടുത്തെ പ്രത്യേകതയാണ്. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫിന്റെ കുട്ടികള്‍ക്കുവേണ്ടി 1945-ല്‍ ചിത്തിരപുരത്ത് ആരംഭിച്ച ഗവ.എല്‍.പി.സ്കൂളാണ് പള്ളിവാസല്‍ പഞ്ചായത്തിലെ ആദ്യത്തെ പൊതുവിദ്യാഭ്യാസകേന്ദ്രം. പള്ളിവാസല്‍ പഞ്ചായത്തുകമ്മിറ്റിയുടെ അഭ്യര്‍ത്ഥന കൂടി കണക്കിലെടുത്ത് 1955-ല്‍ തോക്കുപാറ, ആനവിരട്ടി, കല്ലാര്‍-വട്ടിയാര്‍ എന്നിവിടങ്ങളില്‍ ഗവ.എല്‍.പി സ്ക്കൂളുകള്‍ ആരംഭിച്ച കൂട്ടത്തില്‍ ചിത്തിരപുരം എല്‍.പി സ്കൂള്‍ അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂളാക്കി. 1952-ല്‍ കുഞ്ചിത്തണ്ണി ഗവ.എല്‍.പി.സ്ക്കൂള് ആരംഭിച്ചു. 1980 ലാണ് പള്ളിവാസല്‍ എ.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.