വികസന കാഴ്ചപ്പാട്
ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കില്‍ അടിമാലി ബ്ളോക്ക് പരിധിയില്‍ വരുന്ന പള്ളിവാസല്‍, ആനവിരട്ടി, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. 67.47 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് പുലിപ്പാറ, പോതമേട്, തെക്ക് കൂമ്പന്‍പാറ, എല്ലക്കല്‍ റോഡ്, വടക്ക് ലക്ഷ്മിമുടി എന്നിവയാണ്. 1953-ല്‍ നിലവില്‍ വന്ന പഞ്ചായത്തിന്റെ ആദ്യത്തെ കമ്മിറ്റി പ്രസിഡന്റ് ടി.ജി.നാരായണന്‍ നായര്‍ ആയിരുന്നു. പ്രസിദ്ധമായ പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി ഈ പഞ്ചായത്തിലാണ്. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം മുതല്‍ അയ്യായിരം വരെ അടി ഉയരത്തില്‍ കിടക്കുന്ന ഒരു മലയോര പഞ്ചായത്താണ് പള്ളിവാസല്‍. മാസങ്ങളോളം തോരാതെ പെയ്തിരുന്ന മഴയോടും തണുപ്പിനോടും കാട്ടുമൃഗങ്ങളോടും മാരകമായ രോഗങ്ങളോടും പടവെട്ടി വിജയം വരിച്ച കുടിയേറ്റക്കാരന്റെ ചരിത്രമാണ് ഇന്നത്തെ പള്ളിവാസലിന്റെ ചരിത്രം. ശ്രീ ചിത്തിരതിരുനാള്‍ പള്ളിവാസലില്‍ എത്തിയതിന്റെ ഓര്‍മ്മയ്ക്കായി ഒരു സ്തംഭം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആ സ്ഥലമാണ് ചരിത്രപ്രസിദ്ധമായ ചിത്തിരപുരം. രണ്ടാം ലോകമഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമവും അതിനു പരിഹാരം കാണുന്നതിനുവേണ്ടി തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയും മൂലം ഇവിടെ എത്തിയ കര്‍ഷകരുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ് പള്ളിവാസല്‍ പഞ്ചായത്തിന്റെ സാംസ്കാരിക ചരിത്രം. പഞ്ചായത്തിന്റെ കിഴക്കു ഭാഗത്ത് തേയിലത്തോട്ടവും വടക്കുഭാഗത്ത് ഏലം, കാപ്പിത്തോട്ടങ്ങളുമാണ്. തേയില-ഏലത്തോട്ടം തൊഴിലാളികളും കര്‍ഷകരും ഇടകലര്‍ന്നു ജീവിക്കുന്ന ഗ്രാമമാണ് പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത്. സഹ്യന്റെ നിരകളില്‍ പ്രധാനപ്പെട്ട ലക്ഷ്മി, മുത്തന്‍മുടി മലകള്‍ പഞ്ചായത്തിന്റെ വടക്കും കിഴക്കും അതിരിടുന്നു. പെരിയാറിന്റെ പോഷക നദിയായ മുതിരപ്പുഴയാര്‍ പഞ്ചായത്തിന്റെ കിഴക്കുവശത്തുകൂടിയും കല്ലാര്‍ മദ്ധ്യഭാഗത്തുകൂടിയും ഒഴുകുന്നു.